പി എൻ ബി തട്ടിപ്പ്; കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ഒത്തുകളി നടന്നതായി ബിജെപി ജില്ലാ പ്രസിഡന്‍റ് വി.കെ സജീവൻ. കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം കദന കഥകൾ കെട്ടിച്ചമച്ച് പ്രതികളെ സംരക്ഷിക്കുകയാണ്. കേസിൽ സിബിഐ അന്വേഷണം ആവശ്യമാണ്. ഇതിനായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥർക്കും ഉന്നത രാഷ്ട്രീയ നേതാക്കൾക്കും കേസിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഴുവൻ പണവും കോർപ്പറേഷന് തിരികെ നൽകാൻ പഞ്ചാബ് നാഷണൽ ബാങ്ക് തീരുമാനിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. അതുവരെ അറസ്റ്റ് ഉണ്ടായില്ല. ഇതിൽ ദുരൂഹതയുണ്ട്. ഓഹരി വിപണിയിൽ പണം നിക്ഷേപിക്കാൻ വേണ്ടിയാണ് റിജിൽ തട്ടിപ്പ് നടത്തിയതെന്നാണ് കഥ. ഇത്ര വലിയ തട്ടിപ്പ് നടന്നിട്ടും എന്തുകൊണ്ട് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറിയില്ലെന്നും അദ്ദേഹം ചോദിച്ചു.

കേസിൽ പഞ്ചാബ് നാഷണൽ ബാങ്കും വീഴ്ച വരുത്തിയിട്ടുണ്ട്. റിജിൽ ബിനാമിയാണ്. റിജിലിന് പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരാൻ സമഗ്രമായ അന്വേഷണം വേണമെന്ന് വി.കെ സജീവൻ ആവശ്യപ്പെട്ടു.