പി എൻ ബി തട്ടിപ്പ്; 24 മണിക്കൂറിനകം പണം തിരികെ നൽകണമെന്ന് കോഴിക്കോട് കോർപ്പറേഷൻ
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട മുഴുവൻ തുകയും 24 മണിക്കൂറിനകം തിരികെ നൽകണമെന്ന് കോഴിക്കോട് കോർപ്പറേഷൻ. ഇതുമായി ബന്ധപ്പെട്ട കത്ത് ഇന്ന് തന്നെ കോർപ്പറേഷൻ ബാങ്ക് അധികൃതർക്ക് സമർപ്പിക്കും. മുഴുവൻ ഇടപാടിന്‍റെയും വിശദാംശങ്ങളും കോർപ്പറേഷൻ ആവശ്യപ്പെടും.
മാനേജർ പി.എ.റിജിൽ കോർപ്പറേഷനിൽ നിന്ന് തട്ടിയെടുത്ത 12.68 കോടി രൂപയിൽ 10 കോടി രൂപ ഓഹരി വിപണിയിൽ ഊഹക്കച്ചവടത്തിനായി ഇറക്കിയെന്ന് പൊലീസ് പറഞ്ഞു. ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ബാക്കി തുക വായ്പ തിരിച്ചടയ്ക്കാനും ഓൺലൈൻ ഗെയിം കളിക്കാനും ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ.
സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ ഇന്ന് ബാങ്കിന് മുന്നിൽ ഉപരോധം നടത്തി. കോഴിക്കോട് കോർപ്പറേഷന്‍റെ നഷ്ടപ്പെട്ട പണം ബാങ്ക് ഉടൻ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു എൽ.ഡി.എഫിന്‍റെ പ്രതിഷേധം. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ മെയിൻ ബ്രാഞ്ച്, തട്ടിപ്പ് നടന്ന ലിങ്ക് റോഡ് ബ്രാഞ്ച്, പ്രതി റിജിൽ ജോലി ചെയ്തിരുന്ന എരഞ്ഞിപ്പാലം ബ്രാഞ്ച് എന്നിവിടങ്ങളിലേക്കാണ് എൽ.ഡി.എഫ് മാർച്ച് നടത്തിയത്. മെയിൻ ബ്രാഞ്ചിലേക്കുള്ള മാർച്ച് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷന്‍റെ പണം നഷ്ടപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് സമരം നടത്തുകയാണ്. രാവിലെ 10.30ന് കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ അബ്രഹാം ഉദ്ഘാടനം ചെയ്തു.