ഒത്തുതീര്‍പ്പായാലും പോക്സോ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: ഇരയും പ്രതിയും തമ്മിൽ ഒത്തുതീർപ്പുണ്ടായതുകൊണ്ട് മാത്രം പോക്സോ പോലുള്ള ഗൗരവമേറിയ കേസ് റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. മുസ്ലീം യൂത്ത് ലീഗ് നേതാവും ഉറുദു അധ്യാപകനുമായ ഹഫ്സൽ റഹ്മാനെതിരായ പോക്സോ കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

മലപ്പുറം ചെമ്മങ്കടവ് പി.എം.എസ്.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഉറുദു അധ്യാപകനായിരുന്ന ഹഫ്സൽ റഹ്മാനെതിരെ 2018 നവംബറിലാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. സ്കൂളിലെ പ്രിൻസിപ്പലിന്‍റെ മുറിയിലേക്ക് വിളിച്ചുവരുത്തി 16 കാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. എന്നാൽ പ്രതിയുമായി ഒത്തുതീർപ്പിലെത്തിയെന്ന് കാണിച്ച് ഇരയുടെ അച്ഛനും അമ്മയും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഇത് പരിഗണിച്ച ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നു.

അച്ഛന്‍റെയും അമ്മയുടെയും സത്യവാങ്മൂലം പരിഗണിച്ച് പോക്സോ കേസ് റദ്ദാക്കാനുള്ള ഹൈക്കോടതി തീരുമാനം തെറ്റാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കോണ്‍സല്‍ ഹർഷാദ് വി. ഹമീദ് ചൂണ്ടിക്കാട്ടി. പോക്സോ കേസുകളിലെ പ്രതികളുമായി ഒത്തുതീർപ്പിലെത്താൻ ഇരകൾക്ക് കഴിയില്ലെന്നും സുപ്രീം കോടതി തന്നെ മുൻ ഉത്തരവുകളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.