ആഘോഷങ്ങൾ ലഹരിയിൽ മുങ്ങാതിരിക്കാൻ കർശന മാർഗരേഖയുമായി പൊലീസ്
തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയിൽ ലഹരി ഉപയോഗം തടയുന്നതിനായി, ഡിജെ പാർട്ടികൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി പോലീസ്. പാർട്ടിയിൽ പങ്കെടുക്കുന്ന എല്ലാ ആളുകളുടെയും വിശദാംശങ്ങൾ മുൻകൂട്ടി നൽകണം. രാത്രി 12.30 ഓടെ ആഘോഷങ്ങൾ അവസാനിപ്പിക്കാനും നിർദേശം നൽകും.
ഡിജെ പാർട്ടികൾ നടത്തുന്നവർ മുൻകൂട്ടി പൊലീസിനെ അറിയിക്കണം. പങ്കെടുക്കുന്നവരുടെ പേരുകൾ കൈമാറണം. ഹോട്ടലിൽ താമസിക്കുന്നവർക്ക് പുറമെ പുറത്തുനിന്ന് ആളുകൾ ഉണ്ടെങ്കിൽ പ്രത്യേകം അറിയിക്കണം. പാർട്ടി ഹാളിന്‍റെ എൻട്രി, എക്സിറ്റ് പോയിന്‍റുകളിൽ ക്യാമറകൾ സ്ഥാപിക്കുകയും ആവശ്യമെങ്കിൽ ദൃശ്യങ്ങൾ പൊലീസിനു കൈമാറുകയും വേണം.
ഈ കാര്യങ്ങൾ ഉൾപ്പെടുത്തി ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും നോട്ടീസ് നൽകും. നിയമ ലംഘനമുണ്ടായാൽ സംഘാടകർക്കെതിരെ കേസെടുക്കും. നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. പാർട്ടികൾക്ക് സ്ഥിരമായി ലഹരി വിതരണം ചെയ്യുന്നവരുടെ പട്ടിക തയ്യാറാക്കി നിരീക്ഷിക്കാൻ ഡി.ജി.പി അനിൽകാന്ത് നിർദ്ദേശം നൽകിയിട്ടുണ്ട്.