പേടിച്ചു കരഞ്ഞ 3 വയസ്സുകാരന് മധുരം നൽകി സുഹൃത്താക്കി പൊലീസുകാർ

കാഞ്ഞിരപ്പള്ളി: കുഞ്ഞു ദേവജിത്തും പൊലീസും ഇപ്പോൾ നല്ല കൂട്ടാണ്. പോലീസിനെ കണ്ട് പേടിച്ച് കരഞ്ഞ വിഴിഞ്ഞത്തോട് ചെറുവള്ളിയിൽ അനിൽകുമാറിന്‍റെയും നയനയുടെയും ഇളയ മകൻ ദേവജിത്തിനെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് മധുരം നൽകി ചിരിപ്പിച്ചത്.

ശനിയാഴ്ച മറ്റൊരു കേസ് അന്വേഷിക്കാൻ വീടിന് സമീപമെത്തിയ പൊലീസുകാരെ കണ്ട് ദേവജിത് ഭയപ്പെട്ടിരുന്നു.പൊലീസ് എത്തുമ്പോൾ കുട്ടി മുത്തച്ഛനോടൊപ്പം വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു. ഭയം മൂലമാണ് കുട്ടി രാത്രിയിൽ കരച്ചിൽ നിർത്താതിരുന്നതെന്ന് കുട്ടിയുടെ അച്ഛൻ അനിൽകുമാർ എസ്. ഐ അരുൺ തോമസിനോട്‌ പറഞ്ഞു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് കുട്ടിയെ കൂട്ടി പിതാവ് പിറ്റേന്ന് സ്റ്റേഷനിലെത്തുന്നത്.

ദേവജിത്ത് ഒരു മണിക്കൂറോളം പൊലീസുകാർക്കൊപ്പം ചിലവഴിച്ചു. എസ്.ഐ. അരുൺ തോമസ് ദേവജിത്തിനെ മടിയിലിരുത്തി സംസാരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെയാണ് പൊലീസിന്റെ സ്നേഹത്തെക്കുറിച്ച് കൂടുതലാളുകൾ അറിയുന്നത്.