വിഴിഞ്ഞത്തെ പൊലീസ് സംരക്ഷണം; അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജികൾ ഇന്ന് പരിഗണിക്കും

കൊച്ചി: വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, ഹോവേ എഞ്ചിനീയറിംഗ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ നൽകിയ ഹർജികളാണ് ജസ്റ്റിസ് അനു ശിവരാമൻ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.

തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകരുതെന്ന് കഴിഞ്ഞ തവണ ഹൈക്കോടതി നിർദേശിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധമാകാമെന്നും പദ്ധതി തടസ്സപ്പെടുത്താനാവില്ലെന്നുമാണ് കോടതിയുടെ നിലപാട്. അദാനി ഗ്രൂപ്പും കരാർ കമ്പനിയും സമർപ്പിച്ച ഹർജികളിൽ കമ്പനിയുടെ ജീവനക്കാർ, തൊഴിലാളികൾ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ ജീവന് ഭീഷണിയുണ്ടെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

വിഴിഞ്ഞത്തെ തീരദേശ മണ്ണൊലിപ്പ് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുക എന്നതൊഴിച്ചാൽ ലത്തീൻ അതിരൂപതയുടെ ഏത് ആവശ്യവും പരിഗണിക്കാമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സർക്കാരിന്റെ തീരുമാനങ്ങൾ നേരത്തെ ആവാമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.