നരബലിക്കേസിലെ മുഖ്യപ്രതി ഷാഫിയുടെ വീട്ടിൽ പൊലീസ് പരിശോധന
കൊച്ചി: ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി ഷാഫിയുടെ ഗാന്ധിനഗറിലെ വീട്ടിൽ പൊലീസ് പരിശോധന. പ്രതിയുടെ ഭാര്യ നബീസയെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രതിയുമായി എത്തി തെളിവെടുപ്പ് നടത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ചോദ്യം ചെയ്യൽ പൂർത്തിയാകാത്തതിനാൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
ഭാര്യയുടെ മൊബൈൽ ഫോണിൽ ‘ശ്രീദേവി’എന്ന വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് രണ്ടാം പ്രതി ഭഗവൽ സിങ്ങുമായി ഷാഫി ചാറ്റ് ചെയ്തത്. ഫോൺ കേസിലെ പ്രധാന തെളിവായതിനാൽ അത് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം കഴിഞ്ഞ ദിവസം സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പ്രതികളുടെ ഫേസ്ബുക്ക് അക്കൗണ്ട് ആക്സസ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിരുന്നു. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രതി സ്വന്തമായാണോ പ്രൊഫൈൽ ഉണ്ടാക്കിയതെന്ന സംശയം പൊലീസിന് ഇപ്പോഴുമുണ്ട്. മറ്റാരും സഹായിച്ചിട്ടില്ലെന്നാണ് മൊഴി. പക്ഷേ പൊലീസ് അത് വിശ്വസിച്ചിട്ടില്ല. ഭാര്യയുടെ മൊഴി രേഖപ്പെടുത്തുന്നത് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയേക്കും.
നരബലിക്ക് ഇരയായ പത്മയുടെ സ്വർണം പണയപ്പെടുത്തിയപ്പോൾ ലഭിച്ച തുകയുടെ ഒരു ഭാഗം തനിക്ക് തന്നിരുന്നെന്ന് ഷാഫിയുടെ ഭാര്യ നബീസ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഗാന്ധിനഗറിലെ ഒരു സ്ഥാപനത്തിൽ നാലര പവൻ സ്വർണം പണയം വച്ചാണ് 11,000 രൂപ കൈപ്പറ്റിയതെന്ന് പ്രതി സമ്മതിച്ചിരുന്നു. പ്രതിക്കൊപ്പം സ്വർണം പണയം വച്ച ഗാന്ധിനഗറിലെ സ്ഥാപനത്തിലും തെളിവെടുപ്പിനായി പൊലീസ് എത്തും. ഇതിന് പുറമെ പത്മയെ വാഹനത്തിൽ കൊണ്ടുപോയ ചിറ്റൂർ റോഡിലും ചിറ്റൂർ റോഡിലെ ഇയാളുടെ സ്ഥാപനത്തിലും മുഖ്യപ്രതി ഷാഫിയുമായെത്തി പൊലീസ് തെളിവെടുപ്പ് നടത്തും.