നരബലിക്കേസില്‍ അവയവകൈമാറ്റ സാധ്യത തള്ളി പോലീസ്‌

കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു പറഞ്ഞു. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്. “പ്രതികള്‍ പല കാര്യങ്ങളും പറയുന്നുണ്ട്, ചിലത് പറയുന്നുമില്ല. എന്നാല്‍ പ്രതികള്‍ പറയുന്ന എല്ലാ കാര്യങ്ങളും വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല”. അദ്ദേഹം പറഞ്ഞു

ഷാഫിയായിരിക്കണം പദ്മയുടെയും റോസ്ലിന്‍റെയും ശരീരഭാഗങ്ങൾ വെട്ടിമാറ്റിയത്. ഒരു അറവുകാരനെപ്പോലെയാണ് ഇയാൾ പെരുമാറിയത്. ഷാഫി ഒരുപാട് കഥകൾ മെനയുകയാണെന്നും കമ്മീഷണർ പറഞ്ഞു. ഇയാളുമായി ഇനിയും തെളിവെടുപ്പ് വേണ്ടിവരും. പല സ്ഥലങ്ങളിലും പോകണം. ഇയാളുടെ മുൻകാല ചരിത്രം പൊലീസ് പരിശോധിച്ച് വരികയാണ്. എന്നിരുന്നാലും, മുൻകാല പ്രവർത്തനങ്ങളും ഇപ്പോഴത്തെ കേസും തമ്മിൽ എന്തെങ്കിലും ബന്ധം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

മരിച്ച ഇരുവരുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇനിയും വരാനുണ്ട്. ഇപ്പോൾ ഇതിനെക്കുറിച്ച് കൂടുതൽ പറയാൻ കഴിയില്ലെന്നും അവയവ കൈമാറ്റത്തിനുള്ള സാധ്യത പൂർണ്ണമായും തള്ളിക്കളയുന്നുവെന്നും കമ്മീഷണർ പറഞ്ഞു. വൃത്തിയുള്ള അന്തരീക്ഷത്തിൽ ചെയ്യേണ്ട ഒന്നാണ് ട്രാൻസ്പ്ലാന്‍റേഷൻ. ഇറച്ചി വിറ്റാൽ പണം കിട്ടുമെന്ന് ഷാഫി കൂട്ടുപ്രതികളെ കബളിപ്പിച്ചത് പോലെ, അവയവ കൈമാറ്റം എന്ന് ഷാഫി ലൈലയെയും ഭഗവാൽ സിങ്ങിനെയും വിശ്വസിപ്പിച്ചിട്ടുണ്ടാകാം എന്നും കമ്മീഷണർ പറഞ്ഞു.