വിഴിഞ്ഞത്ത് സംഘർഷങ്ങളിൽ പ്രതികളായവരുടെ പട്ടിക തയ്യാറാക്കാൻ പൊലീസ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്രസേനയെ ഇറക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനായി കാത്തിരിക്കുകയാണ് സർക്കാരും അദാനി ഗ്രൂപ്പും. സുരക്ഷയ്ക്കായി കേന്ദ്ര സേന വേണമെന്ന അദാനിയുടെ ആവശ്യത്തെ കഴിഞ്ഞ ദിവസം സർക്കാർ കോടതിയിൽ പിന്തുണച്ചിരുന്നു. കേന്ദ്രസേനയെ കൊണ്ടുവന്ന് ഭയപ്പെടുത്താൻ ശ്രമിക്കരുതെന്നാണ് സമരസമിതിയുടെ നിലപാട്. അതേസമയം, വിഴിഞ്ഞം സംഘർഷത്തിൽ പ്രതികളുടെ പട്ടിക പൊലീസ് തയ്യാറാക്കി തുടങ്ങി. അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് പൊലീസ് എങ്കിലും സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ആയിരത്തോളം പേരുടെ വിലാസം പൊലീസ് ശേഖരിച്ചു തുടങ്ങി.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി പോർട്ട്സ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങളിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബിഷപ്പിനെയും വൈദികരെയും പ്രതികളാക്കിയെന്നും സർക്കാർ മറുപടി നൽകി. അക്രമം തടയാൻ വെടിവയ്പ്പ് ഒഴികെയുള്ള എല്ലാ നടപടികളും സ്വീകരിച്ചു. പൊലീസ് സംയമനത്തോടെ പ്രവർത്തിച്ചതിനാലാണ് സ്ഥിതിഗതികൾ ശാന്തമായതെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

എന്നാൽ വൈദികർ ഉൾപ്പെടെയുള്ള കുറ്റാരോപിതരായവർ സമരപ്പന്തലിൽ തുടരുകയാണെന്നും സംസ്ഥാന സർക്കാർ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും അദാനി പോർട്സ് പറഞ്ഞു. പദ്ധതി പ്രദേശത്തിന് സംരക്ഷണം നൽകുന്നതിന്‍റെ പേരിൽ ആരോപണവിധേയരായ പ്രതിഷേധക്കാരെ പൊലീസ് സംരക്ഷിക്കുകയാണ്.
പദ്ധതി പ്രദേശത്ത് സുരക്ഷയൊരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ട സാഹചര്യത്തിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അദാനി പോർട്സ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ എതിർപ്പില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രതികരണം. അത്തരമൊരു സാഹചര്യത്തിൽ സംസ്ഥാനം ആവശ്യപ്പെട്ടാൽ മാത്രമേ കേന്ദ്രത്തിന് നേരിട്ട് ഇടപെടാൻ കഴിയൂ എന്ന് കോടതി ചോദിച്ചു. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ പരസ്പരം കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് അനു ശിവരാമൻ നിർദേശം നൽകി. ഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കുമ്പോൾ കേന്ദ്രസർക്കാർ നിലപാട് അറിയിക്കണം.