കാണാതായ എസ്എച്ച്ഒ എലിസബത്തിനെക്കുറിച്ച് ഒരു വിവരവുമില്ലാതെ പൊലീസ്

കല്‍പ്പറ്റ: വയനാട് പനമരം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചില്ല. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ സിഐ. കെ എ എലിസബത്തിനെ (54) ഒക്ടോബര്‍ പത്ത് മുതലാണ് കാണാതായത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ല.

അവസാനം ഫോണിൽ സംസാരിച്ച വ്യക്തിയോട് താൻ കൽപ്പറ്റയിലാണെന്ന് സിഐ പറഞ്ഞിരുന്നു. ഈ വിവരത്തെ തുടർന്ന് പനമരം പൊലീസ് കൽപ്പറ്റയിലെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉദ്യോഗസ്ഥയുടെ ഔദ്യോഗിക നമ്പറും വ്യക്തിഗത നമ്പറും അടങ്ങിയ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്.

സിഐയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പനമരം പൊലീസിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ (പനമരം പൊലീസ്: 04935 222200) അറിയിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.