കോടിയേരിയുടെ മരണത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ട പൊലീസുകാരന്‍ മാപ്പ് പറഞ്ഞു

തിരുവനന്തപുരം: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തിൽ മാപ്പുപറഞ്ഞ് പൊലീസുകാരൻ. തെറ്റായി അയച്ച സന്ദേശം വാട്സാപ്പ് ഗ്രൂപ്പിൽ അറിയാതെ ഷെയർ ചെയ്തതാണെന്നും സംഭവത്തിൽ ക്ഷമ ചോദിക്കുന്നതായും തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ഉറൂബ് പറഞ്ഞു.

“മാന്യജനങ്ങളോട് ക്ഷമ ചോദിക്കുന്നു. മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസിലും മറ്റ് ഗ്രൂപ്പുകളിലും ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് മെസേജ് ഷെയര്‍ ചെയ്തിരുന്നു. തെറ്റായി അയച്ച ഒരു മെസേജ് ഞാനറിയാതെ സ്‌കൂള്‍ ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തു. എന്റെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയില്‍ ഖേദിക്കുന്നു. തെറ്റ് മനസിലാക്കിയ ഉടന്‍, 30 സെക്കന്റിനുള്ളില്‍ തന്നെ മെസേജ് പിന്‍വലിച്ചു. ഞാന്‍ അറിയാതെ എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ മാപ്പ് ചോദിക്കുന്നു”, ഉറൂബ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ അന്വേഷണ വിധേയമായി ഉറൂബിനെ സസ്പെൻഡ് ചെയ്തിരുന്നു. സി.പി.എം പ്രവർത്തകൻ എസ്.റിയാസ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ പരാതിയിലായിരുന്നു നടപടി. ഉറൂബ് പി.ടി.എ. പ്രസിഡന്‍റ് പ്രസിഡന്‍റായ സ്കൂളിലെ പി.ടി.എ. ഗ്രൂപ്പിലാണ് കോടിയേരിയുടെ ചിത്രം ഉൾപ്പെടെ അപകീർത്തികരമായ വാക്കുകളുപയോഗിച്ച് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. കെ.പി.സി.സി മുൻ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മുൻ ഗൺമാനായിരുന്നു ഉറൂബ്.