ആലപ്പുഴ കടൽത്തീരത്ത് പൊലീസുകാരൻ്റെ മൃതദേഹം; ആത്മഹത്യയെന്ന് നിഗമനം

ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കരക്കടിഞ്ഞു. എ.ആർ ക്യാമ്പിലെ എ.എസ്.ഐ ഫെബി ഗോൺസാലസിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം വരെ ഇദ്ദേഹം ആലപ്പുഴ ക്യാമ്പിലായിരുന്നു. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശിയാണ് ഫെബി ഗോൺസാലസ്.

ഇന്ന് രാവിലെ 8.30 ഓടെയാണ് ആലപ്പുഴ കടപ്പുറത്ത് മൃതദേഹം അടിഞ്ഞത്. പിന്നീട് പൊലീസ് എത്തി പരിശോധിച്ചപ്പോൾ ഫെബി ഗോൺസാലസിന്‍റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. പൊലീസ് ഇൻക്വസ്റ്റ് നടത്തുകയാണ്. ഗോൺസാലസ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

ക്യാമ്പിലെന്തെങ്കിലും പ്രശ്നം ഉള്ളതായി അറിയില്ലെന്ന് ക്യാമ്പ് കമാൻഡന്‍റ് പറഞ്ഞു. ശരീരത്തിൽ മുറിവുകളില്ല. എന്നാൽ ആത്മഹത്യയുടെ കാരണം വ്യക്തമല്ല.