പൊലീസുകാരന്റെ പിസ്റ്റൾ മോഷ്ടിച്ചു; ആലപ്പുഴയിൽ യുവതിയടക്കം 3 പേർ പിടിയിൽ

ആലപ്പുഴ: സ്വകാര്യ ബസിൽ പൊലീസുകാരന്റെ തോക്ക് മോഷ്ടിച്ച കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പൊഞ്ചിക്കര സ്വദേശി യദുകൃഷ്ണൻ, വടുതല സ്വദേശി ആന്റണി എന്നിവരാണ് അറസ്റ്റിലായത്. കോടതി റിമാൻഡ് ചെയ്ത പ്രതികളിൽ ഒരാളെ ബസിൽ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം.

ഈ പ്രതിയുടെ കൂട്ടാളികളാണ് പിസ്റ്റൾ മോഷ്ടിച്ചതെന്ന് സംശയമുണ്ടായിരുന്നു. മോഷ്ടാക്കളെ പിന്നീട് കടൽത്തീരത്ത് നിന്ന് പിടികൂടി. യുവതിയുടെ ബാഗിൽ നിന്ന് മോഷ്ടിച്ച പിസ്റ്റൾ കണ്ടെടുത്തു. മോഷ്ടാക്കൾ ബീച്ചിന് സമീപത്തെ സ്റ്റോപ്പിൽ ഇറങ്ങിയെന്നും പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ ഈ വിവരം നൽകിയെന്നും സ്വകാര്യ ബസ് ജീവനക്കാർ പറഞ്ഞു.

പിന്നീട് പൊലീസ് ഇവരെ കണ്ടെത്തുമ്പോൾ യുവതിയും ഇവർക്കൊപ്പമുണ്ടായിരുന്നു. ആദ്യം പിസ്റ്റൾ എടുത്തതായി പ്രതികൾ സമ്മതിച്ചില്ല. തുടർന്ന് ബാഗ് പരിശോധിക്കുകയും പിസ്റ്റൾ കണ്ടെത്തുകയും ചെയ്തു.