ബാലികയെയും പിതാവിനെയും അവഹേളിച്ചതിന് 50,000 രൂപ നൽകാമെന്ന് പൊലീസുകാരി

കൊച്ചി: പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസ്സുകാരിയെയും പിതാവിനെയും പരസ്യമായി അവഹേളിച്ചെന്ന സംഭവത്തിൽ നഷ്ടപരിഹാരമായി 50000 രൂപ നൽകാൻ തയാറാണെന്ന് ആരോപണ വിധേയയായ ഉദ്യോഗസ്ഥ ഹൈക്കോടതിയിൽ അറിയിച്ചു. പെൺ‍കുട്ടിയുടെ പിതാവിന്റെ അക്കൗണ്ട് നമ്പർ കൈമാറാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു.

കേസിൽ പെൺകുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും കോടതി നടപടി ചെലവിലേക്കായി 25,000 രൂപയും നൽകാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾമൂലം നഷ്ടപരിഹാര തുക കുറയ്ക്കാനാകുമോ എന്ന് ഉദ്യോഗസ്ഥ ആരാഞ്ഞിരുന്നു. എന്നാൽ പെൺ‍കുട്ടിയുടെ പിതാവ് എതിർപ്പ് അറിയിച്ചു.

തുടർന്ന് അപ്പീൽ വിശദ വാദത്തിനായി അടുത്ത മാസം അവസാനം പരിഗണിക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് മാറ്റി. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചയ്ക്ക് സർക്കാർ നഷ്ട പരിഹാരം നൽകണമെന്ന വിധി നിയമപരമായി നിലനിൽക്കില്ലെന്നാണു സർക്കാർ വാദം. നഷ്ടപരിഹാരം നൽകാൻ തയാറാണെന്നും എന്നാൽ ഇത് പൊലീസ് ഉദ്യോഗസ്ഥയിൽ നിന്ന് ഈടാക്കാൻ അനുവദിക്കണമെന്നുമായിരുന്നു സർക്കാർ നിലപാട്.