പിടി തോമസിനെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം; ഓ‍‍ർമയായിട്ട് ഒരു വ‍ർഷം

കേരള രാഷ്ട്രീയത്തിൽ ശക്തമായ പദവികൾ വഹിച്ചിരുന്ന പിടി തോമസ് ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം. പി.ടി സ്വീകരിച്ച നിലപാട് അദ്ദേഹം ജീവിച്ചിരുന്നപ്പോഴുള്ളതിനേക്കാൾ അദ്ദേഹത്തിന്‍റെ മരണശേഷം ഏറെ ചർച്ച ചെയ്യപ്പെട്ടു. രണ്ടാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടിവരുന്ന കോണ്‍ഗ്രസിന് പി.ടിയുടെ അഭാവം വലിയ നഷ്ടമാണ്.

കഴിഞ്ഞ വർഷം ഈ ദിവസം വെല്ലൂരിലെ സി.എം.സി ആശുപത്രിയിൽ നിന്ന് എത്തിയ വാർത്ത രാഷ്ട്രീയ കേരളത്തെ ദുഃഖിപ്പിച്ചു. അഞ്ചുപതിറ്റാണ്ടായി പി.ടി.യുടെ വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും സ്വീകരിച്ച നിലപാടുകൾക്ക് കോണ്‍ഗ്രസ് പ്രവർത്തകർ മാത്രമല്ല ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം ഹൃദയംഗമമായ സല്യൂട്ട് അർപ്പിച്ചു. പൂക്കളിറുത്ത് തന്‍റെ മൃതശരീരം അലങ്കരിക്കേണ്ടതില്ല, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരമെന്ന വയലാർ-ദേവരാജൻ സംഗീതം അവസാനയാത്രയിൽ തന്‍റെ അകമ്പടിയാകണം, സുഹൃത്തുമായി പറഞ്ഞുറപ്പിച്ച അന്ത്യാഭിലാഷവും പിടിയെന്ന മതേതര രാഷ്ട്രീയജീവിയുടെ നിലപാട് പറയലായി.

പാർട്ടിയിലെ ഉന്നത പദവിയോ സംസ്ഥാന മന്ത്രിയോ അല്ലാത്ത പി.ടി.തോമസിനെ താഴേത്തട്ടിലുള്ളവർക്ക് എത്രമാത്രം ഇഷ്ടമാണെന്ന കാഴ്ച കണ്ട് പാർട്ടി നേതൃത്വം പോലും അമ്പരന്നുപോയിരിക്കണം.