രാഷ്ട്രീയ കുറ്റവാളികൾക്കും പുറത്തിറങ്ങാം: ശിക്ഷാ ഇളവ് പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: രാഷ്ട്രീയ കുറ്റവാളികൾ ഉൾപ്പെടെയുള്ള തടവുകാരുടെ ശിക്ഷയിൽ ഇളവ് വരുത്തി വിട്ടയ്ക്കാനുള്ള ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. രാഷ്ട്രീയ കുറ്റവാളികളിൽ കൊലപാതക കേസിൽ ഉൾപ്പെട്ട് 14 വർഷം ശിക്ഷ അനുഭവിക്കാത്തവർക്ക് ശിക്ഷയിൽ ഇളവ് ലഭിക്കില്ലെന്ന 2018 ലെ നിർദേശം ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്. ഇതോടെ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പല രാഷ്ട്രീയ തടവുകാർക്കും ശിക്ഷയിൽ ഇളവ് ലഭിക്കും. കഴിഞ്ഞ മാസം 23ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ശിക്ഷാ ഇളവ് അനുവദിച്ചത്.

ശിക്ഷയുടെ ദൈർഘ്യം അനുസരിച്ച്, ഇളവ് 15 ദിവസം മുതൽ 1 വർഷം വരെ ലഭിക്കാം. മറ്റ് ജീവപര്യന്തം തടവുകാർക്ക് പരമാവധി 1 വർഷം വരെ ഇളവ് അനുവദിക്കാം. കൊലപാതകം, കൊലപാതക ഗൂഢാലോചന, വധശ്രമം എന്നീ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ കുറ്റവാളികൾക്കും പുതിയ ഉത്തരവിലൂടെ ഇളവ് ലഭിക്കും.

റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ തടവുകാർക്ക് ശിക്ഷയിൽ ഇളവ് ലഭിക്കാറുണ്ട്. അതിന്‍റെ ഭാഗമായാണ് മാനദണ്ഡങ്ങൾ തയ്യാറാക്കിയത്. കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ദുരുപയോഗം ചെയ്തവർ, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവർ, രാഷ്ട്രീയ കുറ്റവാളികൾ എന്നിവർക്ക് മുൻപ് ശിക്ഷ ഇളവ് അനുവദിച്ചിരുന്നില്ല.