പൊലീസിലെ രാഷ്ട്രീയവത്ക്കരണം; അടിയന്തരപ്രമേയത്തിന് നോട്ടീസ്; ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയെ രാഷ്ട്രീയവത്കരിക്കുന്നതും ക്രിമിനൽ കേസിൽ പൊലീസ് പ്രതിയാകുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് കോൺഗ്രസ് നോട്ടീസ് നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയാണ് ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

പൊലീസിനെ രാഷ്ട്രീയവത്കരിക്കുന്നത് ആശ്ചര്യകരമായ ആരോപണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കേസന്വേഷണത്തിൽ പൊലീസ് കാര്യക്ഷമമായി ഇടപെടുന്നുണ്ട്. പാറശ്ശാല ഷാരോൺ വധക്കേസും പത്തനംതിട്ട നരബലി കേസും സമീപകാലത്ത് പോലീസിന് നേട്ടമുണ്ടാക്കിയിട്ടുണ്ട്. സൈബർ, സാമ്പത്തിക കേസുകളിൽ ഉൾപ്പെടെ പൊലീസ് കാര്യക്ഷമമായി പ്രവർത്തിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുയർന്ന എല്ലാ സംഭവങ്ങളും അന്വേഷിച്ച ശേഷമാണ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതെന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. വിഴിഞ്ഞത്ത് ഉൾപ്പെടെ പൊലീസിന്‍റെ സംയമനം മാതൃകാപരമായിരുന്നു. സമൂഹത്തിനൊപ്പം നിൽക്കുന്ന പൊലീസിനെ നിസ്സാരവത്കരിക്കരുത്. സമൂഹം അത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ലൈംഗിക പീഡനക്കേസുകളിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ പോലും പൊലീസിന്‍റെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടായെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. ആരോ തെറ്റ് മുഖ്യമന്ത്രിയോട് വിശദീകരിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ ഇത്തരം മറുപടികൾ നൽകിയിട്ടുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു. തൃക്കാക്കര സി.ഐയായ സുനു 15 ലൈംഗിക പീഡനക്കേസുകളിൽ പ്രതിയാണ്. എന്നിട്ടും ഇയാളെ തീരദേശ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പിങ്ക് പോലീസ് ഒരു പരാജയമായി മാറി. നിരവധി കുറ്റകൃത്യങ്ങൾ ഉണ്ടെങ്കിലും പിങ്ക് പൊലീസ് 9 ജില്ലകളിൽ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. കടുത്ത പ്രശ്നത്തോട് സർക്കാർ കണ്ണടയ്ക്കുകയാണ്. വഴിതെറ്റിയ പൊലീസിനെയും സർക്കാർ സംരക്ഷിച്ചാൽ പൊലീസ് എവിടെ നിൽക്കുമെന്ന ചോദ്യവും തിരുവഞ്ചൂർ ഉന്നയിച്ചു.