തേജസ്വി യാദവിനെ വിമർശിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ

പട്ന: ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ രൂക്ഷ വിമർശനവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഒൻപതാം ക്ലാസ് പാസായാൽ ലാലു പ്രസാദ് യാദവിന്‍റെ മകൻ ഉപമുഖ്യമന്ത്രിയാകും. ഇനി അദ്ദേഹം മുഖ്യമന്ത്രിയുമായേക്കും. സാധാരണക്കാരന്‍റെ മക്കളാണെങ്കിൽ ഒമ്പതാം ക്ലാസ് പാസായാൽ പ്യൂണായി പോലും ജോലി ലഭിക്കില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

ജൻ സൂരജ് ജനസമ്പർക്ക യാത്രയ്ക്കിടെയായിരുന്നു പ്രശാന്ത് കിഷോറിന്‍റെ പരാമർശം. മുഖ്യമന്ത്രിയുടെയും എം.എൽ.എയുടെയും ബന്ധുക്കളായവർ വിദ്യാഭ്യാസ യോഗ്യതയില്ലെങ്കിലും ജോലി ലഭിച്ച് രാജാക്കൻമാരെപ്പോലെ ജീവിക്കും. സാധാരണക്കാരുടെ മക്കൾ വിദ്യാഭ്യാസം നേടിയാലും തൊഴിൽ രഹിതരായി തുടരേണ്ടിവരും. ഈ സ്ഥിതിക്ക് മാറ്റം വരുത്തണമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

കഴിഞ്ഞയാഴ്ച പ്രശാന്ത് കിഷോറിനെതിരെ ആർജെഡി നേതാവ് മനോജ് ഝാ നടത്തിയ വിമർശനത്തിനുള്ള മറുപടിയാണ് തേജസ്വിക്ക് നേരെയുള്ള ആക്രമണം. 1990 ന് ശേഷം ബിഹാർ മാറിയിട്ടില്ലെന്ന പ്രശാന്ത് കിഷോറിന്‍റെ പരാമർശത്തെ മനോജ് ഝാ നേരത്തെ നിഷേധിച്ചിരുന്നു. ബിഹാറിനോടുള്ള കേന്ദ്രത്തിന്‍റെ അവഗണനയെക്കുറിച്ച് സംസാരിക്കാൻ പ്രശാന്ത് കിഷോർ തയ്യാറാണോയെന്നും മനോജ് ഝാ ചോദിച്ചിരുന്നു.