കൂറ്റന്‍ റെക്കോര്‍ഡുമായി പൊള്ളാര്‍ഡ് ; 600 ട്വന്റി20 മത്സരം കളിക്കുന്ന ആദ്യ താരം

ലണ്ടന്‍: മുൻ വെസ്റ്റ് ഇൻഡീസ് നായകൻ കീറോൺ പൊള്ളാർഡ് 600 ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമായി. ദി ഹണ്ട്രഡിൽ മാഞ്ചസ്റ്റർ ഒറിജിനലിനെതിരെ ലണ്ടൻ സ്പിരിറ്റിന് വേണ്ടി കളിച്ചാണ് പൊള്ളാർഡ് റെക്കോർഡ് തകർത്തത്.

600-ാം ടി20യിൽ പൊള്ളാർഡ് 11 പന്തിൽ 34 റൺസ് നേടി. ഒരു ഫോറും നാല് സിക്സും വിൻഡീസ് ബിഗ് ഹിറ്ററിൽ നിന്ന് വന്നു. 600 ടി20 മത്സരങ്ങളിൽ നിന്ന് 11,723 റൺസാണ് പൊള്ളാർഡ് നേടിയത്. 31.34 ആണ് അദ്ദേഹത്തിന്‍റെ ബാറ്റിങ് ശരാശരി. 

ടി20യിൽ പൊള്ളാർഡിന്‍റെ ഉയർന്ന സ്കോർ 104 റൺസാണ്. ടി20യിൽ 56 അർധസെഞ്ച്വറികളാണ് പൊള്ളാർഡ് നേടിയത്. 309 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. മികച്ച ഫിഗർ 4-15 ആണ്. പൊള്ളാർഡ് ലോകത്തിന്‍റെ പല ഭാഗങ്ങളിലായി ട്വന്‍റി 20 ടീമുകളുടെ ഭാഗമായിട്ടുണ്ട്. ട്രിനിഡാഡ് ആൻഡ് ടൊബാഗോ, മുംബൈ ഇന്ത്യൻസ്, അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സ്, മെൽബൺ റെനഗേഡ്സ്, ധാക്ക ഗ്ലാഡിയേറ്റേഴ്സ്, കറാച്ചി കിംഗ്സ്, മുൾട്ടാൻ സുൽത്താൻസ്, ട്രിനിബാഗോ നൈറ്റ് റൈഡേഴ്സ് എന്നിവർക്കായി പൊള്ളാർഡ് കളിച്ചു.