ബലാത്സം​ഗ കേസിൽ പോപ് ​ഗായകൻ ക്രിസ് വുവിന് 13 വർഷം തടവ് വിധിച്ചു

ചൈന: കനേഡിയൻ-ചൈനീസ് പോപ്പ് ഗായകൻ ക്രിസ് വുവിന് ബെയ്ജിംഗിലെ കോടതി 13 വർഷം തടവ് ശിക്ഷ വിധിച്ചു. ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കോടതി ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തത്. മീ ടൂ ആരോപണങ്ങളെത്തുടർന്ന് ശിക്ഷിക്കപ്പെടുന്ന രാജ്യത്തെ ഏറ്റവും പ്രമുഖനായ വ്യക്തിയായി വു മാറി.

2020 ൽ ആയിരുന്നു സംഭവം. 2020 നവംബറിനും ഡിസംബറിനും ഇടയിൽ ക്രിസ് വു തന്‍റെ വീട്ടിൽ മദ്യലഹരിയിലായിരുന്ന മൂന്ന് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായി ചായോങ് ജില്ലാ പീപ്പിൾസ് കോടതി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പറഞ്ഞു.

2021 ജൂലൈ 31ന് ബെയ്ജിംഗിൽ വെച്ചാണ് വു അറസ്റ്റിലായത്. തന്നെയും മറ്റ് പെൺകുട്ടികളെയും പീഡിപ്പിക്കാൻ വു ശ്രമിച്ചുവെന്ന് ഒരു വിദ്യാർത്ഥിനി പരസ്യമായി ആരോപിച്ചതിനെ തുടർന്നാണിത്. തനിക്ക് 17 വയസ്സുള്ളപ്പോൾ വു തന്നെ മദ്യം കുടിപ്പിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തുവെന്നും വിദ്യാർത്ഥി മാധ്യമങ്ങളോട് പറഞ്ഞു. ഈ വെളിപ്പെടുത്തലിന് ശേഷമാണ് വൂവിന്‍റെ സൂപ്പർസ്റ്റാർ ഇമേജ് തകർന്നത്.