യുക്രൈനിലെ അക്രമം അവസാനിപ്പിക്കണം: പുടിനോട് വ്യക്തിപരമായ അപേക്ഷയുമായി മാര്‍പാപ്പ

റഷ്യന്‍ പ്രസിഡന്‍റ്  വ്ലാദിമിർ പുടിനോട് അക്രമം വെടിയണമെന്ന അപേക്ഷയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈൻ അധിനിവേശകാലത്ത് ഉണ്ടാകുന്ന രക്തച്ചൊരിച്ചിലും കണ്ണീരും തന്നെ വേട്ടയാടുകയാണെന്ന് മാർപാപ്പ പറഞ്ഞു. ഇതാദ്യമായാണ് മാർപാപ്പ റഷ്യൻ പ്രസിഡന്‍റിനോട് ഇത്തരമൊരു അഭ്യർത്ഥന നടത്തുന്നത്. സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ യുക്രൈനുവേണ്ടി നടത്തിയ പ്രാർത്ഥനയിലാണ് മാർപാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്.

റഷ്യയിലെ സ്വന്തം ജനങ്ങളെ കുറിച്ച് ചിന്തിക്കാൻ പുടിനോട് മാർപാപ്പ അഭ്യർത്ഥിച്ചു. യുക്രൈനിലെ 4 പ്രദേശങ്ങൾ റഷ്യ പിടിച്ചെടുത്തതിനെ കത്തോലിക്കാ സഭയുടെ തലവൻ അപലപിച്ചു. ഇത് ആണവ വ്യാപനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന ആശങ്കയും മാർപാപ്പ പ്രകടിപ്പിച്ചു. നേരത്തെയും റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ മാർപാപ്പ അപലപിച്ചിട്ടുണ്ടെങ്കിലും പുടിനോട് വ്യക്തിപരമായ അഭ്യര്‍ത്ഥന നടത്തുന്നത് ഇത് ആദ്യമായാണ്..

“സ്വന്തം ജനങ്ങളോടുള്ള സ്നേഹം കൊണ്ടെങ്കിലും ഈ അക്രമത്തില്‍ നിന്നും മരണങ്ങളില്‍ നിന്നും പിന്മാറണം” മാര്‍പാപ്പ പറഞ്ഞു. റഷ്യന്‍ ഫെഡറേഷന്‍റെ പ്രസിഡന്‍റിനോടാണ് തന്‍റെ അപേക്ഷ എന്ന് വ്യക്തമാക്കിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപേക്ഷ. പോരാടുന്നത് നിര്‍ത്തണമെന്നത് സംബന്ധിച്ച തന്‍റെ അപേക്ഷ പരിഗണിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്‍റ്  വ്ളോഡിമിർ സെലൻസ്കിയോടും മാര്‍പാപ്പ ആവശ്യപ്പെട്ടു. യുക്രൈന്‍ ജനത അനുഭവിക്കുന്ന വലിയ വേദന കണക്കിലെടുത്ത് ഗൗരവത്തോടെ സമാധാന ശ്രമങ്ങള്‍ നടത്തണമെന്നാണ് മാര്‍പാപ്പ വ്ളോഡിമിർ സെലൻസ്കിയോട് ആവശ്യപ്പെടുന്നത്.