പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കണ്ടുകെട്ടിയ സ്വത്ത് വിവരം തേടി ഹൈക്കോടതി

കൊച്ചി: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടെയുണ്ടായ ആക്രമണങ്ങളിൽ കടുത്ത നിലപാടെടുത്ത് ഹൈക്കോടതി. പോപ്പുലർ ഫ്രണ്ടിന്റെയും, സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടിയതിന്‍റെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. രജിസ്റ്റർ ചെയ്ത എല്ലാ ഹർത്താൽ ആക്രമണ കേസുകളിലും ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നവംബർ ഏഴിന് ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്.

സ്ഥാപനങ്ങളിൽ എൻ.ഐ.എ നടത്തിയ റെയ്ഡിനും നേതാക്കളെ കൂട്ടമായി അറസ്റ്റു ചെയ്തു ജയിലിലടച്ചതിനുമെതിരെ, പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനെതിരെ ജസ്റ്റിസ് എ.കെ ജയശങ്കരൻ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസെടുത്തിരുന്നു. ഹർത്താൽ നിയമവിരുദ്ധമാണെന്ന് പറഞ്ഞ കോടതി, ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യ നടപടികൾക്കും നിർദ്ദേശം നൽകിയിരുന്നു. സ്വകാര്യ സ്വത്തിനും പൊതുസ്വത്തിനും നാശനഷ്ടമുണ്ടാക്കിയവർക്കെതിരെ പ്രത്യേകം കേസെടുക്കാനും ആവശ്യപ്പെട്ടു.