പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

പുനലൂർ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ കരവാളൂർ മാവിളയിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാര്യറ ആലുവിളവീട്ടിൽ അബ്ദുൾ ബാസിത് എന്ന ബാസിത് ആൽവി (25) ആണ് അറസ്റ്റിലായത്. ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ ഹർത്താൽ ദിനത്തിൽ പുനലൂർ സ്റ്റേഷൻ പരിധിയിൽ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ നാല് പേർ പിടിയിലായി.

പുനലൂർ കാര്യറ ദാറുസലാമിൽ മുഹമ്മദ് ആരിഫ് (21), കോക്കാട് തലച്ചിറ കിഴക്കേതിൽ റെഫാജ് മൻസിലിൽ സൈഫുദ്ദീൻ (25), കോക്കാട് തലച്ചിറ കിഴക്ക് റെഫാജ് മൻസിലിൽ സെയ്ഫുദീൻ (25), കോക്കാട് തലച്ചിറ അനീഷ് മൻസിലിൽ അനീഷ് (31) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. കല്ലേറിൽ ബസിന്‍റെയും ലോറിയുടെയും മുൻ വശത്തെ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ബസ് ഡ്രൈവർ കോഴിക്കോട് സ്വദേശി പി രാഗേഷിൻ്റെ (47) കണ്ണിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ആദ്യം അറസ്റ്റിലായ അനീഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂട്ടുപ്രതികളെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. 80 ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ച ശേഷമാണ് പ്രതികളെ പിടികൂടിയത്. കല്ലേറിൽ കെ.എസ്.ആർ.ടി.സിക്ക് മൂന്ന് ലക്ഷം രൂപയുടെ നഷ്ടവും ലോറികൾക്ക് 1.5 ലക്ഷം രൂപയുടെ നഷ്ടവും ഉണ്ടായി.