ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഒളിവിൽ

കോഴിക്കോട്: ഹർത്താലിന് ആഹ്വാനം ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഒളിവില്‍. പോപ്പുലർ ഫ്രണ്ടിന്‍റെ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ, സംസ്ഥാന സെക്രട്ടറി കെ എ റൗഫ് എന്നിവർ ഒളിവിലാണ്. നേതാക്കളെ കേന്ദ്രീകരിച്ച് എൻ.ഐ.എ റെയ്ഡ് നടത്തിയപ്പോൾ തന്നെ ഇവർ ഒളിവിലായിരുന്നു. ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കണ്ടെത്താനായിരുന്നില്ല. ഹർത്താലിന് ആഹ്വാനം ചെയ്ത ശേഷമാണ് ഇവർ മുങ്ങിയത്.

റെയ്ഡ് നടക്കുന്ന സമയത്ത് കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഇവർ പത്രസമ്മേളനം വിളിച്ചിരുന്നു. അറസ്റ്റിലായ നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ ഹർത്താൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കൂടിയാലോചനകൾക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പിന്നീട് രാത്രിയോടെയാണ് ഹര്‍ത്താലെന്ന് വാര്‍ത്താക്കുറിപ്പിറങ്ങിയത്. ഈ പത്രക്കുറിപ്പിന് പിന്നാലെ രാവിലെ വാർത്താസമ്മേളനം വിളിച്ച നേതാക്കളെ ഫോണിൽ ഉൾപ്പെടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഉൾപ്പെടെയുള്ളവർ തുടരുകയാണ്. അതേസമയം, കഴിഞ്ഞ ദിവസം നടന്ന ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അക്രമം നടന്നു. 170 പേരെ അറസ്റ്റ് ചെയ്യുകയും 157 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. 368 പേരെ കരുതൽ തടങ്കലിലാക്കി. കൂടുതൽ സംഘർഷങ്ങൾ നടന്ന ഈരാറ്റുപേട്ട ഉൾപ്പെടുന്ന കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത്, 87 പേർ. ഗതാഗതം തടസ്സപ്പെടുത്തിയ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കുറിച്ചിയില്‍ കല്ലേറില്‍ ബസ്സിലുണ്ടായിരുന്ന ചങ്ങനാശേരി ജനറൽ ആശുപത്രിയിലെ ഡോ.അമല കെ.ജോസഫിന്‍റെ കൈ വിരൽ ഒടിഞ്ഞു.