പോപ്പുലർ ഫ്രണ്ട്–ആർഎസ്എസ് താരതമ്യം കപട മതേതരത്വമെന്ന് വി. മുരളീധരൻ
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെയും ആർഎസ്എസിനെയും താരതമ്യം ചെയ്യുന്നത് കപടമതേതരത്വമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് രാജ്യസുരക്ഷ കണക്കിലെടുത്താണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി ഐഎന്‍എല്ലിന് ബന്ധമുണ്ടെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. “രാജ്യത്ത് മതഭീകരസംഘടനകള്‍ക്ക് ഫണ്ട് നൽകി സഹായിക്കുന്ന സംഘടനയാണ് ഐഎൻഎൽ. പിഎഫ്ഐയുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന സംഘടനയാണ് റിഹാബ് ഫൗണ്ടേഷൻ. ഐഎൻഎല്ലിനെ മന്ത്രിസഭയില്‍നിന്നും എല്‍ഡിഎഫില്‍നിന്നും പുറത്താക്കണം.” സുരേന്ദ്രൻ ആവശ്യപ്പെട്ടു
അതേസമയം, പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്‍റെ ശക്തികേന്ദ്രങ്ങളിൽ പൊലീസിനെ അധികമായി വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണിത്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളിലും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. മുഖ്യമന്ത്രിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കേന്ദ്രത്തിന്‍റെ നിർദേശം ലഭിച്ചാൽ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യുന്ന പ്രക്രിയ ഇന്ന് തന്നെ ഉണ്ടായേക്കും. പോപ്പുലർ ഫ്രണ്ട് ഓഫീസുകളും പൊലീസ് നിരീക്ഷണത്തിലാണ്.