ഹർത്താൽ വൻ വിജയമാക്കിയ എല്ലാവർക്കും നന്ദിയെന്ന് പോപ്പുലർ ഫ്രണ്ട്
തിരുവനന്തപുരം: വെള്ളിയാഴ്ച സംസ്ഥാനത്ത് നടന്ന ഹർത്താലിനോട് സഹകരിച്ച എല്ലാവർക്കും പോപ്പുലർ ഫ്രണ്ട് കേരള ഘടകം നന്ദി അറിയിച്ചു. ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ അന്യായമായി തടങ്കലിലാക്കുകയും ഭീകരനിയമം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തതെന്നാണ് പോപ്പുലർ ഫ്രണ്ട് വിശദീകരണം. ഹർത്താൽ വൻ വിജയമാക്കിയതിന് പൊതുജനങ്ങൾക്കും വ്യാപാരികൾക്കും പോലീസിനും സർക്കാർ ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ ഇന്നലെ പല ജില്ലകളിലും അക്രമസംഭവങ്ങൾ ഉണ്ടായി. ഹർത്താലിനിടെയുണ്ടായ അക്രമങ്ങളെ രൂക്ഷമായി കേരള ഹൈക്കോടതി വിമർശിച്ചു. ഹർത്താൽ നിയമവിരുദ്ധമാണെന്നും നഷ്ടം ആരിൽ നിന്ന് ഈടാക്കുമെന്നും ഹൈക്കോടതി ചോദിച്ചു. നഷ്ടം ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിൽ നിന്ന് നികത്താനാകുമോ എന്നും ഹൈക്കോടതി ചോദിച്ചു.
ബസുകൾ തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ആക്രമണം തുടരുമെന്നും കോടതി പറഞ്ഞു.
ഹർത്താലിനിടെ പൊതുമുതലിനുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. നഷ്ടപരിഹാരം ലഭിക്കാൻ സർക്കാർ എന്ത് നടപടികളാണ് സ്വീകരിച്ചത്? ഭരണസംവിധാനത്തിൽ ഭയമില്ലാത്തതിനാലാണ് ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നതെന്നും തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലേറുണ്ടാകുമെന്നും കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.