തുറമുഖ നിര്‍മ്മാണവും പുനരധിവാസവും ഒരുമിച്ച് കൊണ്ടുപോകും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ആവശ്യങ്ങൾക്ക് സർക്കാർ മുൻഗണന നൽകിയതായി സംസ്ഥാന ടൂറിസം മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. തുറമുഖ നിർമ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ ഉയർന്നുവന്ന മിക്ക പ്രശ്നങ്ങൾക്കും സർക്കാർ മാന്യമായ പരിഹാരം കണ്ടെത്തിയിട്ടുണ്ട്. പ്രദേശവാസികള്‍ സമര്‍പ്പിച്ച ആവശ്യങ്ങളെ തരം തിരിച്ച് അടിയന്തിരമായി പരിഹരിക്കേണ്ടതും കൂടുതല്‍ സമയം ആവശ്യമുള്ളതും എന്ന ക്രമത്തിലാണ് സര്‍ക്കാര്‍ പരിഹാര പദ്ധതികള്‍ തയാറാക്കിയിട്ടുള്ളത്. അതേസമയം, തുറമുഖ പരിസരത്ത് പുതുതായി ആരംഭിക്കുന്ന കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ ഉടനടി ആരംഭിക്കും. ഏകദേശം 10,000 പേർക്ക് തൊഴിൽ ലഭിക്കും. ഈ പദ്ധതി പ്രദേശവാസികൾക്ക് വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പദ്ധതിക്ക് ആവശ്യമായ വിദഗ്ധ തൊഴിലാളികളെ ലഭിക്കുന്നതിന് അസാപ്പില്‍ പ്രദേശവാസികൾക്ക് സൗജന്യ പരിശീലനം നൽകാൻ തീരുമാനിച്ചു.

അപകടത്തിൽപ്പെടുന്ന ബോട്ടുകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ എല്ലാ ബോട്ടുകളും ഇതിനകം ഇൻഷുർ ചെയ്തിട്ടുണ്ട്. കൂടാതെ, ഹാർബറിലെ വലിയ തിരമാലകൾ കാരണം ബോട്ടുകൾ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കുന്നതിനായി ഡ്രഡ്ജിംഗ് നടത്തി. ഇവിടെ ഒരു പുതിയ പുലിമുട്ട് നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചു. ഇതിനായി കേന്ദ്രസർക്കാരിന്റെ സി.ഡബ്ലിയു.പി.ആര്‍.എസ് പഠനം നടത്തി റിപ്പോർട്ട് അംഗീകരിച്ചു.