ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും അഭയാർത്ഥി ഒഴുക്കിന് സാധ്യത
തമിഴ്നാട്: ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും അഭയാർത്ഥികളുടെ ഒഴുക്കിന് സാധ്യതയുണ്ടെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ചിന്‍റെ റിപ്പോർട്ട്. വരും ദിവസങ്ങളിൽ ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്ന് ധാരാളം അഭയാർത്ഥികൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവർ തമിഴ്നാട്ടിലും കേരളത്തിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ രാമേശ്വരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ആഭ്യന്തര കലാപം രൂക്ഷമാവുകയും പ്രതിഷേധക്കാർ പ്രസിഡന്‍റിന്‍റെ വസതി പിടിച്ചെടുക്കുകയും ചെയ്തതിനെ തുടർന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവെച്ചു. ശ്രീലങ്കൻ ഭരണഘടന പ്രകാരം സ്പീക്കർ മഹിന്ദ യാപ അബേവർധന ഇടക്കാല പ്രസിഡന്‍റായി ചുമതലയേൽക്കും. പ്രതിഷേധം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും സുരക്ഷാ വലയം ഒരുക്കാൻ പൊലീസിനെയും സൈനികരെയും വിന്യസിച്ചിട്ടുണ്ട്.
സർക്കാരിന്റെ തുടർച്ച ഉറപ്പാക്കുന്നതിനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പാർട്ടി നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് സർവകക്ഷി സർക്കാർ രൂപീകരിക്കുമെന്നും അതിനായി താൻ രാജിവയ്ക്കുകയാണെന്നും റനിൽ വിക്രമസിംഗെ പറഞ്ഞു.