പ്രസവാനന്തരം വിഷാദരോഗം; പഠനം
കാസർകോട്: പ്രസവശേഷം നാലിൽ ഒരു സ്ത്രീയ്ക്കു വിഷാദരോഗം ഉള്ളതായി പഠനം. കാസർകോട് ജില്ലയിലെ 220 അമ്മമാരിലാണ് പഠനം നടത്തിയത്. 220 അമ്മമാരിൽ 55 പേർക്ക് (24.6 ശതമാനം) പ്രസവാനന്തര വിഷാദരോഗം ഉണ്ടായിരുന്നു. കേരള കേന്ദ്ര സർവകലാശാലയിലെ പബ്ലിക് ഹെല്‍ത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിന് പഠന വിഭാഗത്തിലെ ഡോ. ജയലക്ഷ്മി രാജീവിന്റെ മേല്‍നോട്ടത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാർഥിനി വിസ്മയ രാജ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
പ്രസവാനന്തര വിഷാദത്തിന്റെ വ്യാപനവും അനുബന്ധ ഘടകങ്ങളും കണ്ടെത്തുക എന്നതായിരുന്നു പഠനത്തിന്റെ ഉദ്ദേശ്യം. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നത് ഏഴിൽ ഒരാൾക്ക് പ്രസവാനന്തര വിഷാദരോഗം ഉണ്ടെന്നാണ്. പ്രസവശേഷം എല്ലാ സ്ത്രീകളും സന്തുഷ്ടരല്ല.
പ്രസവശേഷം ഹോർമോണുകളിലെ മാറ്റങ്ങൾ, പ്രസവത്തിലെ സങ്കീർണതകൾ, മാനസിക ഘടകങ്ങൾ എന്നിവയാണ് ഇതിന് കാരണം.