നെയ്‌വേലി കോര്‍പ്പറേഷനുമായുള്ള കരാറില്‍ നിന്ന് പിന്നോട്ടില്ലെന്ന് വൈദ്യുതി മന്ത്രി
നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷനുമായി വൈദ്യുതി കരാർ ഒപ്പിടുന്നതിൽ സർക്കാർ പിന്നോട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. റെഗുലേറ്ററി കമ്മീഷന്‍റെ അനുമതി വാങ്ങിയ ശേഷം മാത്രമേ കരാർ ഒപ്പിടാൻ കഴിയൂ. കരാർ 300 കോടി രൂപ ലാഭമുണ്ടാക്കുമെന്നത് വാസ്തവം. എന്നാൽ 2027ൽ മാത്രമേ വൈദ്യുതി ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നൽകാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനം തയ്യാറായിട്ടും കൂടിയ വിലയ്ക്ക് സർക്കാർ വൈദ്യുതി വാങ്ങുന്നുവെന്ന റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ മന്ത്രി നിലപാട് വ്യക്തമാക്കിയത്.
നിലവിലുള്ള സംസ്ഥാന നിയമമനുസരിച്ച് റെഗുലേറ്ററി കമ്മീഷന്‍റെ അംഗീകാരം ലഭിച്ച ശേഷം മാത്രമേ കരാർ ഒപ്പിടാൻ കഴിയൂവെന്നും ഇത് കേന്ദ്രത്തിന്‍റെ മാർഗനിർദേശമാണെന്നും മന്ത്രി പറഞ്ഞു.