മുഖ്യമന്ത്രിയുടെ അറിവോടെയാണ് പിപിഇ കിറ്റ് വാങ്ങിയത്: കെ കെ ശൈലജ

കുവൈറ്റ്‌ : കൊവിഡ് കാലത്ത് പി.പി.ഇ കിറ്റുകൾ വാങ്ങിയതിൽ അഴിമതി ആരോപിച്ച് ലോകായുക്ത നൽകിയ നോട്ടീസിൽ വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയാണ് ഇടപാടുകൾ നടത്തിയതെന്നാണ് വിശദീകരണം. കുവൈറ്റിൽ കല സംഘടിപ്പിച്ച മാനവീയം പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെ കെ ശൈലജ.

“മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1,500 രൂപയ്ക്ക് വാങ്ങിയത്. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 50,000 കിറ്റുകൾക്ക് ഓർഡർ നൽകി. 15,000 എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞിരുന്നു. ബാക്കിയുള്ള പിപിഇ കിറ്റുകൾ കുറഞ്ഞ വിലയ്ക്കാണ് വാങ്ങിയത്,” ശൈലജ പറഞ്ഞു. പൂക്കൾക്കൊപ്പം മുള്ളുകളും ഉണ്ടാകുമെന്നും അതൊന്നും പ്രശ്നമല്ലെന്നും ശൈലജ കൂട്ടിച്ചേർത്തു.

കെകെ ശൈലജയ്ക്ക് ഇന്നലെയാണ് ലോകായുക്ത നോട്ടീസ് നൽകിയത്. ശൈലജയോട് ഡിസംബർ എട്ടിന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വാദങ്ങൾ കേൾക്കുന്നതിനൊപ്പം രേഖകൾ പരിശോധിച്ച ശേഷം ലോകായുക്ത നേരിട്ട് അന്വേഷണം നടത്തും. വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വീണ എസ് നായരാണ് പരാതിയുമായി ലോകായുക്തയെ സമീപിച്ചത്.