നിഗൂഢത നിറച്ച് ‘റോഷാക്കിന്റെ’ പ്രി റിലീസ് ടീസര്‍

പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടം പിടിച്ച സിനിമയാണ് ‘റോഷാക്ക്’. ‘കെട്ട്യോളാണ് എന്റെ മാലാഖ’ ഫെയിം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം പേരിലെ കൗതുകം കാരണം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബ്ലീസ്’ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ സമീർ അബ്ദുൾ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെ ഒരു ടീസർ കൂടി പുറത്തിറങ്ങി.

പുതിയ ടീസറും ആകാംക്ഷ വർദ്ധിപ്പിക്കുന്നു. മമ്മൂട്ടിയുടെ ‘വെൽക്കം ബാക്ക്’ എന്ന ഡയലോഗും ടീസറിൽ കേൾക്കാം. നിമീഷ് രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. മിഥുൻ മുകുന്ദനാണ് മമ്മൂട്ടിയുടെ ‘റോഷാക്ക്’ എന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. നടൻ ആസിഫ് അലി ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടും. മമ്മൂട്ടി, സഞ്ജു ശിവറാം, ആസിഫ് അലി എന്നിവരെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്‍റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണൂർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാദുഷയാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനർ.