ഗർഭിണികളായ ജീവനക്കാർക്ക് സാരിയുടുക്കാമെന്ന് വനംവകുപ്പ്
മാനന്തവാടി: യൂണിഫോം തസ്തികകളിൽ ജോലി ചെയ്യുന്ന സംരക്ഷണവിഭാഗം ജീവനക്കാരെ ഗർഭകാലത്ത് യൂണിഫോം ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (അഡ്മിനിസ്ട്രേഷൻ) ഡോ.പി. പുകഴേന്തി ഇത് സംബന്ധിച്ച ഉത്തരവിറക്കി.
ഗർഭകാലത്തിന്റെ ആറാം മാസം മുതൽ വനംവകുപ്പ് നിർദ്ദേശിക്കുന്ന യൂണിഫോമിന് പകരം വനിതാ സംരക്ഷണ വകുപ്പ് ജീവനക്കാർക്ക് ജോലി സമയത്ത് കാക്കി സാരിയും ബ്ലൗസും ധരിക്കാൻ അനുമതി നൽകിക്കൊണ്ടാണ് ഉത്തരവ്. റേഞ്ചർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, റിസർവ് ഫോറസ്റ്റ് വാച്ചർമാർ തുടങ്ങിയ ജീവനക്കാർക്ക് ഇത് ആശ്വാസം പകരും. പുതിയ തീരുമാനം വനിതാ ജീവനക്കാരുടെ ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുക മാത്രമല്ല, അവരുടെ മനോവീര്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് വനംവകുപ്പ് കരുതുന്നു.
പൊലീസിലെ വനിതാ ജീവനക്കാർ സാരി ഉടുത്ത് ജോലി ചെയ്യാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും സാരിയെ പടിക്കുപുറത്ത് നിർത്തിയിരിക്കുകയായിരുന്നു വനംവകുപ്പ്.