Latestകേരളം

ഗര്‍ഭിണിയെ തുണിയിൽ ചുമന്ന സംഭവം: മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: അട്ടപ്പാടി കടുകമണ്ണയിൽ ഗർഭിണിയായ യുവതിയെ തുണിയിൽ ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിക്കും പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്തയച്ചു.

അട്ടപ്പാടിയിലെ സംഭവം ആരോഗ്യരംഗത്ത് വർഷങ്ങളായി കേരളത്തിന്‍റെ മികവിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്. ഊരിലേക്ക് യാത്രാസൗകര്യമില്ലാത്തതിനാൽ ഗർഭിണിയായ യുവതിയെ ബന്ധുക്കൾ തുണിയിൽ മൂന്നര കിലോമീറ്ററോളം ചുമന്നാണ് ആംബുലൻസിൽ എത്തിച്ചത്.

സംഭവത്തിന്‍റെ തലേദിവസം കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിയ യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചതായും ബന്ധുക്കൾ പരാതിപ്പെട്ടിട്ടുണ്ട്. രാത്രി 12 മണിയോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിലും 108 ലും വിളിച്ചെങ്കിലും പുലർച്ചെ മൂന്ന് മണിയോടെയാണ് ആംബുലൻസ് എത്തിയതെന്നും ബന്ധുക്കൾ പറയുന്നു.