സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് സാന്നിധ്യം

സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്‍റെ അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തി ജെയിംസ് വെബ് ടെലിസ്കോപ്പ്. വാതക ഭീമൻ ഗ്രഹമായ WASP-39 b യെക്കുറിച്ചുള്ള പുതിയ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കണ്ടെത്തൽ. ഗ്രഹത്തിന്‍റെ രൂപീകരണത്തെയും ഘടനയെയും കുറിച്ചുള്ള വിവരങ്ങളും ലഭിച്ചതായി നാസ അറിയിച്ചു.

ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥിയായ സഫർ റുസ്തംകുലോവ്, ജെയിംസ് വെബ് ടെലിസ്കോപ്പ് ശേഖരിച്ച ഡാറ്റയിൽ നിന്ന് ഗ്രഹത്തിലെ കാർബൺ ഡൈ ഓക്സൈഡിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞു. കണ്ടെത്തലുകൾ നേച്ചർ ജേണലിൽ പ്രസിദ്ധീകരിക്കും. വ്യാഴത്തിന്‍റെ നാലിലൊന്ന് പിണ്ഡവും (ശനിയുടെ അതേ പിണ്ഡം) വ്യാഴത്തിന്‍റെ വ്യാസത്തിന്‍റെ 1.3 മടങ്ങ് വ്യാസവുമുള്ള ഒരു ചൂടുള്ള വാതക ഭീമനാണ് WASP-39 b.

നാസയുടെ ഹബിൾ, സ്പിറ്റ്സർ ദൂരദർശിനികൾ ഗ്രഹത്തിൽ നീരാവി, സോഡിയം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. വെബ് ദൂരദർശിനിയുടെ ശക്തമായ ഇൻഫ്രാറെഡ് ഉപയോഗിച്ചാണ് കാർബൺ ഡൈ ഓക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. WASP-39 bയിൽ ഇത് സാധ്യമായതിനാൽ, മറ്റ് ചെറിയ ഗ്രഹങ്ങളിൽ സമാനമായ നിരീക്ഷണങ്ങൾ നടത്താൻ വെബ് ദൂരദർശിനിക്ക് കഴിയും.