രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ആം ആദ്മിയുടെ പിന്തുണ യശ്വന്ത് സിൻഹയ്ക്ക്

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് യശ്വന്ത് സിൻഹയെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചതായി എഎപിയുടെ രാജ്യസഭാംഗം സഞ്ജയ് സിംഗ് പറഞ്ഞു.

ഡൽഹിയിലും പഞ്ചാബിലും രണ്ട് സംസ്ഥാനങ്ങളിൽ സർക്കാരുള്ള ഏക ബിജെപി,കോൺഗ്രസ് ഇതര സംഘടനയാണ് എഎപി. എഎപിക്ക് പുറമെ തെലങ്കാനയിലെ ഭരണകക്ഷിയായ ടിആർഎസും സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി സിൻഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, പഞ്ചാബ് എംപി രാഘവ് ഛദ്ദ, എംഎൽഎ അതിഷി, രാഷ്ട്രീയകാര്യ സമിതിയിലെ മറ്റ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.