രാഷ്ട്രപതി തിരഞ്ഞെടുപ്പ്; വിജയം ഉറപ്പിച്ച് ബിജെപി

ന്യൂഡല്‍ഹി: പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രതിപക്ഷത്തിന്‍റെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു. പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ പരാജയപ്പെടുമെന്ന് ഉറപ്പാണ്. അപ്രതീക്ഷിതമായി നിരവധി പ്രാദേശിക പാർട്ടികൾ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചു. എല്ലാ പാർട്ടികളും ആദിവാസി സമൂഹത്തിൽ നിന്നുള്ള സ്ത്രീ എന്ന പരിഗണനയാണ് നൽകുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രാദേശിക പാർട്ടികളുടെ നിലപാട് മാറ്റത്തിൽ പ്രതീക്ഷയിലാണ് ബി.ജെ.പി. ബിജെപിയുമായി ഇടഞ്ഞ് നിൽക്കുന്ന ശിവസേന മുർമുവിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. പിന്നാലെ ടിഡിപിയും വൈഎസ്ആർ കോൺഗ്രസും മുർമുവിനെ പിന്തുണച്ചു.

ബിജു ജനതാദൾ (ബിജെഡി) ആണ് ഒഡീഷയിലെ ഭരണകക്ഷി. ഒഡീഷ സ്വദേശിയായ മുർമുവിനെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബിജെഡി പിന്തുണച്ചിരുന്നു. ബി.ജെ.പിയുമായി ഉടക്കിലാണെങ്കിലും ജെഡിയു മുർമുവിന് വോട്ട് ചെയ്യുമെന്നാണ് അറിയിച്ചത്. അതുവരെ പ്രതിപക്ഷത്തിനൊപ്പമുണ്ടായിരുന്ന മമത ബാനർജി അവസാന നിമിഷം മുർമുവിനെ പിന്തുണയ്ക്കുമെന്ന സൂചനയും നൽകി.