രാഷ്ട്രപതി തിരഞ്ഞെടുപ്പ്; അതീവ ജാഗ്രതയിൽ ബിജെപി
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി അതീവ ജാഗ്രതയിലാണ്. എല്ലാ പാർട്ടി എംപിമാരോടും ജൂലൈ 16ന് ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന ജൂലൈ 18ന് എല്ലാവരും ഡൽഹിയിൽ ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. 16ന് ഡൽഹിയിൽ എത്തുന്നവർക്ക് എങ്ങനെ വോട്ട് ചെയ്യണം എന്നതിനെക്കുറിച്ച് പരിശീലനം നൽകും. ഡൽഹിയിൽ എത്തിയാൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്കൊപ്പമാകും അത്താഴം. 16ന് പ്രത്യേക അത്താഴവിരുന്ന് നടത്താനാണ് ജെപി നദ്ദ പദ്ധതിയിടുന്നത്.
പ്രമുഖ ആദിവാസി നേതാവായ ദ്രൗപദി മുർമുവാണ് ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി. ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി, ഒഡീഷയിൽ ബിജെഡി, ബീഹാറിൽ ജെഡിയു എന്നിവരെല്ലാം മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ മുർമു പ്രസിഡന്‍റാകുമെന്ന് ഉറപ്പാണ്. എന്നിരുന്നാലും, തടസ്സങ്ങൾ ഒഴിവാക്കാനുള്ള എല്ലാ പദ്ധതികളും ബിജെപി തയ്യാറാക്കുന്നുണ്ട്. മുർമു ഇപ്പോൾ ഉത്തർപ്രദേശിലാണ് വോട്ട് തേടുന്നത്. ഇവരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു.
അതേസമയം, യശ്വന്ത് സിൻഹയാണ് പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർത്ഥി. പ്രതിപക്ഷത്തിന് വിജയിക്കാൻ മതിയായ വോട്ടുകൾ ഇല്ലെങ്കിലും സിൻഹയെ പിന്തുണയ്ക്കുന്നവർ ഒരു ട്വിസ്റ്റ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. ജൂലൈ 18നാണ് വോട്ടെടുപ്പ്. ജൂലൈ 21ന് ഫലം പ്രഖ്യാപിക്കും. പാർലമെന്‍റിലെയും നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തും. നിലവിലെ അംഗബലം എൻഡിഎ സ്ഥാനാർത്ഥിക്ക് അനുകൂലമാണ്. മായാവതി ഉൾപ്പെടെ നിരവധി നേതാക്കൾ അപ്രതീക്ഷിതമായി ദ്രൗപദി മുർമുവിൻ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.