അധ്യക്ഷ തിരഞ്ഞെടുപ്പ്; വോട്ടർ പട്ടിക സംബന്ധിച്ച തരൂരിൻ്റെ പരാതി തള്ളി

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക സംബന്ധിച്ച ശശി തരൂരിന്റെ പരാതി തള്ളി. അപൂർണമായ വോട്ടർപട്ടികയ്ക്ക് പകരം നൽകിയ പുതിയ പട്ടികയ്ക്കെതിരെ ശശി തരൂർ പരാതി നൽകിയിരുന്നു. എന്നാൽ ഒരേ പട്ടികയാണ് ശശി തരൂരിനും മല്ലികാർജുൻ ഖാർഗെയ്ക്കും നൽകിയതെന്നും വോട്ടർപട്ടിക തൃപ്തികരമാണെന്ന് തരൂർ ഒരിക്കൽ പറഞ്ഞിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി പറഞ്ഞു.

അതേസമയം, തനിക്ക് ലഭിക്കുന്ന വോട്ടുകൾ പാർട്ടിയിൽ മാറ്റം ആഗ്രഹിക്കുന്നവരുടെ ശബ്ദമാണെന്നും അത് നേതൃത്വം തിരിച്ചറിയണമെന്നും തരൂർ പറഞ്ഞു. കഴിഞ്ഞ ദിവസം തരൂർ തന്‍റെ ട്വിറ്റർ പേജിലൂടെ മാറ്റത്തിനായി യുവാക്കളോടടക്കം വോട്ട് തേടിയുള്ള പുതിയ അഭ്യര്‍ത്ഥന പുറത്ത് വിട്ടിരുന്നു. നിലവിലെ സംവിധാനത്തിൽ തൃപ്തിയുള്ളവരാകും തനിക്ക് മുഖം നൽകാത്തതെന്നും തരൂർ വിമർശിച്ചു. എന്നാൽ മധ്യപ്രദേശിൽ വലിയ സ്വീകരണമാണ് തരൂരിന് ലഭിച്ചത്. 

എ.ഐ.സി.സിയുടെ നിർദേശം അവഗണിച്ചാണ് ശശി തരൂരിന് മധ്യപ്രദേശ് പി.സി.സി ഗംഭീര സ്വീകരണം നൽകിയത്. സോണിയാഗാന്ധിയോട് നേരിട്ട് അനുമതി വാങ്ങിയാണ് പിസിസി അധ്യക്ഷൻ കമൽനാഥ് തരൂരിനെ സ്വീകരിച്ചത്. ഔദ്യോഗിക സ്ഥാനാർത്ഥിയെന്ന പ്രചാരണം ശക്തമാകുന്നതിനിടെ മല്ലികാർജുൻ ഖാർഗെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു.