സംസ്ഥാനത്ത് കെട്ടിട നിർമ്മാണ വസ്തുക്കളുടെ വില കൂടുന്നു; നിർമ്മാണ മേഖല പ്രതിസന്ധിയിൽ

കോഴിക്കോട്: കെട്ടിട നിർമ്മാണ സാമഗ്രികളുടെ വില സംസ്ഥാനത്ത് കുതിച്ചുയരുന്നു. സിമന്‍റ്, കമ്പി എന്നിവയുൾപ്പെടെയുള്ള വസ്തുക്കളുടെ വില വർദ്ധനവ് നിർമ്മാണ മേഖലയെ സാരമായി ബാധിച്ചു. സമീപകാലത്ത് കേരളത്തിൽ കെട്ടിട നിർമ്മാണച്ചെലവിൽ 20 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നിർമ്മാണ മേഖലയിലെ സംഘടനകൾ സംയുക്ത സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് സിമന്‍റ് വില 60 രൂപയിലധികം കൂടി. ടിഎംടി സ്റ്റീൽ കമ്പിക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ 25 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ക്രഷർ ഉൽപ്പന്നങ്ങളുടെ വില 25 ശതമാനവും പെയിന്‍റ് വില 20 ശതമാനവും വർദ്ധിച്ചു. പ്രതി മാസം രണ്ട് കോടിയിലധികം സിമന്‍റ് ചാക്കുകൾ കേരളത്തിൽ വിൽക്കുന്നുണ്ടെന്നാണ് കണക്ക്. കുറഞ്ഞ ഉത്പാദനമുള്ള പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റിന് വിപണിയിൽ ഇടപെട്ട് വില നിയന്ത്രിക്കാൻ കഴിയുന്നില്ല. വിപണിയുടെ 96 ശതമാനവും നിയന്ത്രിക്കുന്ന സ്വകാര്യ സിമന്‍റ് കമ്പനികൾ ഇഷ്ടാനുസരണം വില വർദ്ധിപ്പിക്കുകയാണ്.

മറ്റ് സംസ്ഥാനങ്ങളിൽ സർക്കാർ ഇടപെടൽ കാര്യക്ഷമമായി നടക്കുന്നതിനാൽ കേരളത്തിലേതുപോലുള്ള പ്രതിസന്ധിയില്ലെന്നാണ് മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. കോവിഡിന് ശേഷം കേരളത്തിലെ കെട്ടിട നിർമ്മാണച്ചെലവിൽ 20 ശതമാനം വർദ്ധനവുണ്ടായെന്നാണ് കണക്ക്. സർക്കാരിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലൂടെ ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വില വർദ്ധനവ് മൂലം ഉണ്ടാകുന്നത്. വില നിയന്ത്രിക്കാൻ ശക്തമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ നിർമ്മാണ മേഖല തകരുമെന്ന് ഈ മേഖലയിൽ സജീവമായവർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഈ മാസം 9ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുന്നതുൾപ്പെടെയുള്ള സമരപരിപാടികൾ ആരംഭിക്കാനാണ് നിർമ്മാണ മേഖലയിലെ സംഘടനകളുടെ തീരുമാനം.