ഗുജറാത്തില്‍ രണ്ടാംഘട്ട പോളിങിൽ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. അഹമ്മദാബാദിലെ നിഷാൻ പബ്ലിക് സ്കൂളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി.
വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരൽ മോദി വോട്ടർമാർക്ക് മുന്നിൽ ഉയർത്തി കാട്ടി. എല്ലാവരും വോട്ട് രേഖപ്പെടുത്തി റെക്കോർഡ് പോളിങ് ഉറപ്പാക്കണമെന്നും മോദി ട്വിറ്ററിൽ കുറിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായും വോട്ട് രേഖപ്പെടുത്താൻ അഹമ്മദാബാദിലെത്തും.
മധ്യ, വടക്കൻ മേഖലകളിലെ 14 ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന 93 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ച് മണി വരെ തുടരും. 61 രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 833 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും.