പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കവിതാസമാഹാരം ഉടന്‍ വിപണിയിലെത്തും

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിതാസമാഹാരത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ ഈ മാസം പുറത്തിറങ്ങും. ‘Letters to Self’ എന്നാണ് സമാഹാരത്തിന്‍റെ പേര്. ചരിത്രകാരിയും കള്‍ച്ചറല്‍ ജേണലിസ്റ്റുമായ ഭാവ്‌ന സോമയ്യ ആണ് വിവര്‍ത്തക.

മോദിയുടെ കവിതകൾ ശരിയായ പ്രാസവും വൃത്തവും പിന്തുടരുന്ന കവിതകളാണ്. കവിതകളിലുടനീളം, ലൗകിക ലോകവുമായി പങ്കിടാൻ മോദി വിമുഖത കാണിക്കുന്ന തികച്ചും സർഗ്ഗാത്മകമായ മറ്റൊരു ലോകമുണ്ട്. ആഴമാര്‍ന്ന ചിന്തകളും അഭ്യൂഹങ്ങളും ആശയങ്ങളും സ്വപ്‌നങ്ങളും ഈ കവിതകള്‍ പ്രകടിപ്പിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികളും സമ്മർദ്ദങ്ങളും പ്രതീക്ഷകളും ഇവിടെ പങ്കുവയ്ക്കുന്നു. അതേസമയം, പ്രകൃതിയുടെ സൗന്ദര്യവും കവിതയുടെ വിഷയമാണ്,” പ്രസാധകർ പറഞ്ഞു.

പുരോഗമനപരമായ ആശയങ്ങൾ, നിരാശ, ആഗ്രഹം, ധൈര്യം, അനുകമ്പ എന്നിവയുടെ കവിതകളാണിവ. അദ്ദേഹം തന്‍റെ കവിതകളിലൂടെ ലൗകികവും നിഗൂഢവുമായ ചിന്തകൾ പ്രതിഫലിപ്പിക്കുന്നു. മോദിയുടെ രചനകളെ വേറിട്ടുനിർത്തുന്നത് അദ്ദേഹത്തിന്‍റെ നിരന്തരവും വൈകാരികവുമായ ഊർജ്ജം, ചുറുചുറുക്ക്, ശുഭാപ്തിവിശ്വാസം എന്നിവയാണ്,” വിവർത്തക പറഞ്ഞു.