പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായ; പ്രതിഷേധിച്ച് ബിജെപി
കൊച്ചി: കൊച്ചിൻ കാർണിവലിനൊരുക്കിയ പപ്പാഞ്ഞിയെ ചൊല്ലി ബിജെപിയുടെ പ്രതിഷേധം. ഡിസംബര്‍ 31ന് കത്തിക്കാൻ ഒരുക്കിയ പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖസാമ്യമുണ്ടെന്ന് ബിജെപി ആരോപിച്ചു.
ഇത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതിനായി മനപ്പൂര്‍വ്വം ചെയ്തതാണെന്ന് ബി.ജെ.പി. എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു പറഞ്ഞു. കൊച്ചിന്‍ കാര്‍ണിവലിനെ അലങ്കോലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഷേധം രൂക്ഷമായതോടെ പപ്പാഞ്ഞിയുടെ നിര്‍മ്മാണം നിര്‍ത്തി. തുടർന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖം മാറ്റാമെന്ന് ധാരണയായതോടെ ബിജെപി പിന്‍വാങ്ങി.
കൊച്ചിൻ കാർണിവൽ കമ്മിറ്റിക്ക് വേണ്ടി സ്വകാര്യ ഏജൻസിയാണ് അറുപത് അടി നീളമുള്ള ഭീമൻ പപ്പാഞ്ഞിയെ നിർമ്മിക്കുന്നത്. നിർമ്മാണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. കൊവിഡ് മഹാമാരിയെ കീഴടക്കിയ പപ്പാഞ്ഞിയെയാണ് ഇത്തവണ ഒരുക്കുന്നത്.