സൗദി മന്ത്രിസഭാ യോഗത്തില്‍ ആദ്യമായി അധ്യക്ഷത വഹിച്ച് സല്‍മാന്‍ രാജകുമാരൻ

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെ അധ്യക്ഷതയിൽ യോഗം ചേർന്ന് സൗദി മന്ത്രിസഭാ. ഇതാദ്യമായാണ് കിരീടാവകാശി രാജാവിന് പകരം ഒരു മന്ത്രിസഭാ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്. അടുത്തിടെയാണ് അദ്ദേഹം പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടത്.

റിയാദിലെ അൽയമാമ പാലസിൽ നടന്ന യോഗത്തിലാണ് സൽമാൻ രാജകുമാരൻ അധ്യക്ഷത വഹിച്ചത്. ഏതാനും ആഴ്ചകളായി ജിദ്ദയിലായിരുന്ന സൽമാൻ രാജാവ് ചൊവ്വാഴ്ച വൈകിട്ടാണ് റിയാദിലെത്തിയത്. യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്‍റെ ഭാഗമായി മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് ഉച്ചകോടിയോടനുബന്ധിച്ച് സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് ഫോറത്തിന്‍റെ രണ്ടാം പതിപ്പ് അടുത്ത മാസം ഈജിപ്തിൽ നടത്താൻ മന്ത്രിസഭ അംഗീകാരം നൽകി.

അഞ്ചാംപനിയും പോളിയോയും ഇല്ലാതാക്കുന്നതിന് കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ റിലീഫ് സെന്‍റർ ലോകാരോഗ്യ സംഘടനയെയും യുഎൻ ചിൽഡ്രൻസ് ഫണ്ടിനെയും പിന്തുണയ്ക്കുന്നത് തുടരും. യുകെയുമായുള്ള കയറ്റുമതി ക്രെഡിറ്റ് കരാറിനും മന്ത്രിസഭ അംഗീകാരം നൽകി. ആക്ടിംഗ് മീഡിയ മന്ത്രി മാജിദ് അൽ ഖസബിയാണ് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.