നിയമനത്തിനായി മുന്‍ഗണനാ പട്ടിക; മേയർ ആര്യ രാജിവെക്കണമെന്ന് വി.ഡി സതീശന്‍

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ആരോഗ്യ വിഭാഗത്തിലെ 295 ജീവനക്കാരുടെ നിയമനത്തിൽ പാർട്ടിയുടെ മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാജിവച്ചില്ലെങ്കിൽ മേയറെ പുറത്താക്കാൻ സി.പി.എം തയ്യാറാവണം. പാര്‍ട്ടിക്കാര്‍ക്കും നേതാക്കള്‍ക്കും വേണ്ടിയുള്ള സെല്‍ ഭരണമാണ് പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണത്തില്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എസ്.എ.ടി ആശുപത്രിയിലെ ഒമ്പത് നിയമനങ്ങൾക്കായി പട്ടിക ആവശ്യപ്പെട്ട് നഗരസഭയിലെ സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനില്‍ ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്തും പുറത്ത് വന്നിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും സി.പി.എം ജില്ലാ സെക്രട്ടറിമാർ നൽകുന്ന ലിസ്റ്റിൽ നിന്നാണ് നിയമനം നടത്തുന്നത്. സി.പി.എം സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും പിന്‍വാതിലിലൂടെ നിയമിച്ചവർ തുടരുന്നതിനാലാണ് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവികൾ മടിക്കുന്നതെന്നും സതീശൻ പറഞ്ഞു. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ മന്ത്രിമാരുടെ വീടുകൾ തോറും കയറി ഒഴിവ് റിപ്പോർട്ട് ചെയ്യുകയാണ്. 10 വർഷത്തിന് ശേഷം പിന്‍വാതിലിലൂടെ കടന്നവരെ സ്ഥിരപ്പെടുത്തുന്ന രീതിയാണ് സർക്കാരും സി.പി.എമ്മും ചെയ്യുന്നതെന്നും സതീശൻ വിമർശിച്ചു.

തൊഴിൽ രഹിതരായ യുവാക്കൾ ധാരാളമുള്ള സംസ്ഥാനത്ത് തുടര്‍ഭരണം ലഭിച്ച സർക്കാർ ചെയ്യുന്ന വൃത്തികേടുകളാണ് മേയറുടെ കത്ത് തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മേയർ ഉൾപ്പെടെയുള്ള ഡി.വൈ.എഫ്.ഐ നേതാക്കൾ ഈ അസംബന്ധ നാടകങ്ങൾ കേരളത്തിൽ അവതരിപ്പിച്ചിട്ടാണ് ‘ഞങ്ങളുടെ ജോലി എവിടെ?’ എന്ന മുദ്രാവാക്യമുയർത്തി ഡൽഹിയിലെത്തി പ്രതിഷേധിച്ചത്. ബന്ധുക്കളെയും പാർട്ടി പ്രവർത്തകരെയും നിയമിക്കുന്നത് ജോലിക്കായി സമരം ചെയ്തവരാണ്. നഗരസഭകളിലെ നിയമനം ലോക്കല്‍ കമ്മിറ്റികള്‍ക്ക് വീതിച്ചു കൊടുത്തിരിക്കുകയാണ്. ജോലിക്കായി ഇന്റർവ്യൂവിന് എത്തുന്ന പാവപ്പെട്ടവരെ അവർ വഞ്ചിക്കുകയാണ്. നേരിട്ടുള്ള മാർഗങ്ങളിലൂടെയുള്ള നിയമനം ഒരു മേഖലയിലും നടക്കുന്നില്ല. പിന്‍വാതില്‍ നിയമനം നടത്താൻ സി.പി.എം ഓഫീസുകളിൽ മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നു. പുറത്തുവരാത്ത നൂറുകണക്കിന് നിയമനങ്ങൾ വിവിധ ജില്ലകളിലായി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.