പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്ന ‘ഖലീഫ’; ഫസ്റ്റ്ലുക്ക് പുറത്ത്

പൃഥ്വിരാജും സംവിധായകൻ വൈശാഖും ഒന്നിക്കുന്ന ‘ഖലീഫ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് താരം തന്നെയാണ് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. സ്വർണ്ണം ഒലിച്ചിറങ്ങുന്ന കൈകൊണ്ട് മുഖം പാതി മറച്ചാണ് പോസ്റ്ററിൽ പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിന്‍റെ പേരിന് മുകളിൽ ദ റൂളർ എന്ന് എഴുതിയിട്ടുണ്ട്. ‘ഖലീഫ’ ഒരു പ്രതികാര കഥയായിരിക്കുമെന്നാണ് പോസ്റ്ററിന്‍റെ അടിക്കുറിപ്പ് സൂചിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 

കടുവയ്ക്ക് ശേഷം ജിനു വി എബ്രഹാം തിരക്കഥയെഴുതുന്ന ചിത്രമാണിത്. ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സുരാജ് കുമാർ , സാരി​ഗമ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.