പൃഥ്വിരാജ്-ആസിഫ് അലി ചിത്രം കാപ്പ ഡിസംബർ 22ന് തിയറ്ററുകളിലെത്തും

പൃഥ്വിരാജ്, ആസിഫ് അലി, ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസും ഡിസംബർ 22ന് ക്രിസ്മസ് റിലീസായി ചിത്രം റിലീസ് ചെയ്യും. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ജിനു വി. അബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തോടെ ആരംഭിച്ച തിയേറ്റർ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദുഗോപന്‍റെ പ്രശസ്തമായ നോവലായ ശങ്കുമുഖിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.

പൃഥ്വിരാജിനും അപർണയ്ക്കും പുറമെ ആസിഫ് അലി, അന്ന ബെൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിലുണ്ട്.