‘ഡബിൾ മോഹനൻ’ എന്ന ചന്ദനക്കൊള്ളക്കാരനായി പൃഥ്വിരാജ് എത്തുന്നു
പൃഥ്വിരാജ് ചിത്രം ‘വിലായത്ത് ബുദ്ധ’ പ്രഖ്യാപന വേള മുതൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് തുടങ്ങിയ ചിത്രത്തിൽ പൃഥ്വിരാജ് കഴിഞ്ഞ ദിവസമാണ് ജോയിൻ ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. ‘ഡബിൾ മോഹനൻ’ എന്ന ചന്ദനക്കടത്തുകാരന്‍റെ വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
വർഷങ്ങളായി മലയാള സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള ജയൻ നമ്പ്യാർ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിനു ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വിലായത്ത് ബുദ്ധ. നടി പ്രിയംവദ കൃഷ്ണനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അരവിന്ദ് കശ്യപ് ഛായാഗ്രഹണവും അനു മോഹൻ, കോട്ടയം രമേശ്, രാജശ്രീ നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു.
‘വിലായത്ത് ബുദ്ധ’ ഒരു ത്രില്ലർ ചിത്രമാണ്. ചന്ദനമരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം പറയുന്നത്. ജി.ആർ. ഇന്ദുഗോപന്‍റെ ‘വിലായത്ത് ബുദ്ധ’ എന്ന ഹ്രസ്വനോവൽ അതേ പേരിലുള്ള സിനിമയാക്കുകയാണ്.