മോട്ടോർ വാഹന വകുപ്പിനെതിരെ സ്വകാര്യ ബസ്സുടമകൾ

കൊച്ചി: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകൾക്കെതിരെ ബസ് ഉടമകളുടെ സംഘടന രംഗത്തെത്തി. ബസ് ഉടമകളെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ ഉപദ്രവിക്കുന്നത് തുടർന്നാൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവയ്ക്കാൻ നിർബന്ധിതരാകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ മുന്നറിയിപ്പ് നൽകി.

ഡീസൽ വില വർദ്ധനവും യാത്രക്കാരുടെ എണ്ണം കുറഞ്ഞതും കാരണം ബസ് ഉടമകൾ വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ്. അതേസമയം പരിശോധനയുടെ പേരിൽ ബസുകൾ തടഞ്ഞു നിർത്തി വൻ തുക പിഴ ചുമത്തുന്നത് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിലെത്തിച്ചിരിക്കുകയാണെന്ന് ഫെഡറേഷൻ ആരോപിച്ചു.

സർക്കാർ പറയുന്ന കമ്പനികളുടെ സ്പീഡ് ഗവർണർ വാങ്ങി ഘടിപ്പിച്ചാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. എന്നാൽ സ്പീഡ് ഗവർണറുകൾ വിറ്റ് കോടികൾ തട്ടിയ കമ്പനികൾ അറ്റകുറ്റപ്പണി നടത്താൻ സർവീസ് സെന്‍റർ പോലും അവശേഷിപ്പിക്കാതെ കടകൾ അടച്ചുപൂട്ടി. ഒന്നരക്കോടി വാഹനങ്ങൾ ഉള്ള കേരളത്തിൽ റോഡപകടങ്ങളുടെ കാരണക്കാർ ഏഴായിരത്തോളം വരുന്ന സ്വകാര്യബസുകളാണെന്ന ഗതാഗ വകുപ്പിന്റെ കണ്ടുപിടുത്തം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കി.