തമിഴ്‌നാട്ടിലെ സ്വകാര്യ മെഡി. കോളേജുകൾ എൻആർഐ സീറ്റുകൾ പൊതുവിഭാഗമാക്കുന്നു

ചെന്നൈ: തമിഴ്നാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജുകൾ എൻആർഐ ക്വാട്ടയിലെ സീറ്റുകളുടെ വലിയൊരു ഭാഗം ജനറൽ വിഭാഗത്തിലേക്ക് മാറ്റുന്നു. ഉയർന്ന ഫീസ് ഈടാക്കുന്നതിനാൽ അവസാന ഘട്ടത്തിൽ വിദ്യാർത്ഥികളെ ലഭ്യമല്ലാതായതിനെ തുടർന്നാണ് നടപടി.

ആദ്യ റൗണ്ട് കൗൺസിലിംഗ് പൂർത്തിയായപ്പോഴേക്കും സീറ്റുകൾ മാറ്റി തുടങ്ങി. മുൻ വർഷങ്ങളിൽ ഇവ അവസാനമായിരുന്നു ജനറൽ വിഭാഗത്തിലേക്ക് മാറ്റിയിരുന്നത്.

തമിഴ്നാട്ടിലെ എം.ബി.ബി.എസിനുള്ള എൻ.ആർ.ഐ. ക്വാട്ടയിൽ 41 ലക്ഷം മുതൽ 49 ലക്ഷം രൂപ വരെയാണ് വാർഷിക ഫീസ്. ജനറൽ കാറ്റഗറി മാനേജ്മെന്‍റ് സീറ്റുകളിൽ 18 ലക്ഷം മുതൽ 26 ലക്ഷം രൂപ വരെ ഫീസ് അടയ്ക്കണം. കുറച്ച് കാലമായി എൻആർഐ സീറ്റിൽ പ്രവേശനം നേടുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. തുടർന്നാണ് ഈ സീറ്റുകളുടെ എണ്ണം കുറയ്ക്കാൻ മെഡിക്കൽ കോളേജുകൾ തീരുമാനിച്ചത്. ചെന്നൈയിലെയും പുതുച്ചേരിയിലെയും പ്രമുഖ മെഡിക്കൽ കോളേജുകൾ അത്തരം കൂടുതൽ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റി.